Saturday, 5 July 2014

എനിക്ക് സംസാരിക്കാനാവില്ല
കനമുള്ള നൂലിഴകള്‍ കൊണ്ട്
എന്‍റെ വായ,ഭദ്രമായി
തുന്നിച്ചേര്‍ത്തിരിക്കുന്നു.
ശ്വസിക്കാന്‍ മൂക്കോ
കേള്‍ക്കാന്‍ കാതുകളോ
എനിക്കില്ല.
വലക്കണ്ണികളാല്‍
എന്‍റെ കാഴ്ചയും
പരിമിതപ്പെട്ടിരിക്കുന്നു.
ചുറ്റും കനത്ത ഇരുട്ടു മാത്രം.
മുന്നില്‍ നിന്നും
ആക്രമിക്കാന്‍ വരുന്നവനെപ്പോലും
തിരിച്ചറിയരുത്
എന്ന നിര്‍ബ്ബന്ധബുദ്ധിയോടെ.

സ്വന്തം ശരീരം പാപമാണെന്ന
തിരിച്ചറിവിനു മേലേ ഞാന്‍
ആദ്യമായ് എടുത്തണിയപ്പെടുന്നു.
ഭോഗിക്കപ്പെടാന്‍ മാത്രമുള്ളതെന്ന
മൌനസമ്മതത്തിനു മുകളില്‍ ഞാന്‍
കൂടുതല്‍ ഇരുണ്ട നിറമാകുന്നു.
എനിക്കുള്ളിലൊന്നുമില്ല
വെറും ഉടലുകളല്ലാതെ...
ഇത്രയേറെ മറച്ചു വെക്കാന്‍ മാത്രം
എന്താണതിലുള്ളത്?
കവികള്‍ പാടിയതൊന്നും
ഞാന്‍ കണ്ടിട്ടില്ല.
കണ്ണീരും ഭ്രാന്തും നിസ്സഹായതയുമല്ലാതെ.
മതങ്ങള്‍ മതിലുകെട്ടിയ
സ്വാതന്ത്ര്യത്തിന്റെ
വിങ്ങലുകളല്ലാതെ.

വിധേയത്വത്തിന്റെ കറുത്തപുതപ്പു കൊണ്ട്
ഓരോ ഉടല്‍ മറയ്ക്കുമ്പോഴും
അതവളുടെ രക്ഷക്കു വേണ്ടിയെന്നു
വാദിക്കുന്നവരോട് ഒന്ന് ചോദിക്കാനുണ്ട്
ഓരോ മൂടുപടത്തിനുള്ളിലും ഒരു
പെണ്ണുണ്ടെന്നു തിരിച്ചറിയപ്പെടുന്നെങ്കില്
ഏതു ‍ ബുര്‍ക്കക്കുള്ളിലാണ്
അവള്‍ക്കു രക്ഷകിട്ടുക?
ഇതോ ദൈവനീതി?
*******

No comments:

Post a Comment

thank u for visiting my blog